ബാബാ സാഹേബ് അംബേദ്കര്‍ ഇന്ത്യയിലെ അധഃസ്ഥിത ജീവിതങ്ങളെ തുല്യത എന്ന മഹാ സങ്കല്പത്തിലേക്കുയര്ത്താന് ജീവിത കാലം മുഴുവന്‍ പോരാടിയ വിപ്ലവകാരിയാണ്. അദ്ദേഹം മാര്‍ക്സിസത്തിനും സോഷ്യലിസത്തിനും എതിരായിരുന്നു എന്നു സ്ഥാപിക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര് കിണഞ്ഞു ശ്രമിക്കുന്നു. അധഃസ്ഥിത മനുഷ്യര്‍ ഉണരുന്ന കാലമാണിത്. ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ദളിതര്‍ നിരന്തരമായ പോരാട്ടത്തിലാണ്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, പൗരാവകാശങ്ങള്‍ എന്നിവയ്ക്കുള്ള പോരാട്ട ഭൂമികയില്‍ ഇവര്‍ക്ക് ഇടതുപക്ഷത്തോട് കൈകോര്‍ക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അംബേദ്കര്‍ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്... See more
ബാബാ സാഹേബ് അംബേദ്കര്‍ ഇന്ത്യയിലെ അധഃസ്ഥിത ജീവിതങ്ങളെ തുല്യത എന്ന മഹാ സങ്കല്പത്തിലേക്കുയര്ത്താന് ജീവിത കാലം മുഴുവന്‍ പോരാടിയ വിപ്ലവകാരിയാണ്. അദ്ദേഹം മാര്‍ക്സിസത്തിനും സോഷ്യലിസത്തിനും എതിരായിരുന്നു എന്നു സ്ഥാപിക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര് കിണഞ്ഞു ശ്രമിക്കുന്നു. അധഃസ്ഥിത മനുഷ്യര്‍ ഉണരുന്ന കാലമാണിത്. ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ദളിതര്‍ നിരന്തരമായ പോരാട്ടത്തിലാണ്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, പൗരാവകാശങ്ങള്‍ എന്നിവയ്ക്കുള്ള പോരാട്ട ഭൂമികയില്‍ ഇവര്‍ക്ക് ഇടതുപക്ഷത്തോട് കൈകോര്‍ക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അംബേദ്കര്‍ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രണ്ടു ധാരകളായ ദളിതരും മുഖ്യധാരാ തൊഴിലാളികളും കൈകോര്‍ക്കേണ്ട കാലമാണിത്. അതിനായുള്ള ശ്രമങ്ങള്‍ തീവ്രതരമാകുമ്പോള്‍ അംബേദ്കര്‍ ചിന്തകളുടെ പിന്തുടര്ച്ചയെ സംബന്ധിച്ച സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നു. ഭരണഘടനാശില്പിയെന്ന നിലയില്‍ മാത്രം അംബേദ്കറെ കാണുകയും അതിനാല്‍ത്തന്നെ ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭരണഘടനാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു മാത്രമേ ദളിത് പ്രശ്നങ്ങള്‍ ഉയര്‍ത്താനാവൂ എന്നു വാദിക്കുന്നവരും, വരുംകാല പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായും സാമൂഹ്യമാറ്റത്തിനുള്ള ഉപകരണമായും അംബേദ്കര്‍ ചിന്തകളെ പ്രയോജനപ്പെടുത്തണം എന്നു വാദിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ സ്വയം ഒരു മാര്‍ക്സിസ്റ്റ് അല്ലെങ്കിലും മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലവുമായി അംബേദ്കര്‍ സംവാദാത്മക ബന്ധം പുലര്‍ത്തിയിരുന്നു എന്നത് നേരാണ്. അംബേദ്കര്‍ ചിന്തയെയും മാര്‍ക്സിസത്തെയും സംവാദാത്മകമായി കൂട്ടിയിണക്കുകയും പ്രവര്‍ത്തനമണ്ഡലത്തിലെ യോജിപ്പിലേക്ക് എത്തിക്കുകയും ചെയ്യുവാന്‍ പ്രവര്‍ത്തിക്കുന്ന നിരവധി ധൈഷണികര്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ആനന്ദ് തെല്‍തുംദെ. അംബേദ്കര്‍ എഴുതാന്‍ തുടങ്ങുകയും ഏതാനും അദ്ധ്യായങ്ങള്‍ മാത്രം പൂര്‍ത്തിയാക്കുകയും ചെയ്ത പുസ്തകമാണ് ഇന്ത്യയും കമ്യൂണിസവും. അപൂര്‍ണ്ണ അദ്ധ്യായങ്ങള്ക്കായുള്ള തലക്കെട്ടുകള്‍ അദ്ദേഹം നിശ്ചയിച്ചിരുന്നു. അതില്‍നിന്നും അംബേദ്കര്‍ക്ക് കമ്യൂണിസത്തോടുണ്ടായിരുന്ന നിലപാട് നിര്‍ദ്ധാരണം ചെയ്ത് പ്രൗഢഗംഭീരമായ ഒരു ആമുഖം ആനന്ദ് തെല്‍തുംദെ തയ്യാറാക്കി. ലെഫ്റ്റ് വേഡ് ബുക്സ് ഇംഗ്ലീഷില്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിട്ടുള്ളത് രാധാകൃഷ്ണന് ചെറുവല്ലിയാണ്. കാലിക പ്രാധാന്യമുള്ള ഈ പുസ്തകം മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇറക്കാന്‍ അനുവദിച്ച ലെഫ്റ്റ് വേഡ് ബുക്സിനോടും ആനന്ദ് തെല്തുംദെയോടും സമവായവും വെല്ലുവിളികളും എന്ന തലക്കെട്ടില്‍ അവതാരികയെഴുതിയ ഡോ. കെ എന്‍ ഗണേശിനോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. മാര്‍ക്സിസത്തിന്റെയും അംബേദ്കര്‍ ചിന്തയുടെയും ആഴങ്ങള്‍ തേടുന്നവര്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും ഒരു കൈപുസ്തകമായി വര്‍ത്തിക്കും.